ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച രണ്ടാം ജന്തർമന്തർ സമരം നാളെ നടക്കും. നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധിച്ച് മുൻപ് നടത്തിയ സമരത്തിലൂടെ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി, ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് വൻ ജനകീയ പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ആം ആദ്മി പാർട്ടി അടക്കമുള്ള വിദ്യാർത്ഥി-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
കേവലം ഒരു ദിവസത്തെ ധർണയായി സമരത്തെ കാണുന്നില്ലെന്നും, ലഗേജുകൾ പാക്ക് ചെയ്ത് അനിശ്ചിതകാല പ്രക്ഷോഭത്തിന് സജ്ജരായി എത്താനാണ് സി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിൽ നിന്നും ഛത്തീസ്ഗഡിലെ നക്സൽ ബാധിത മേഖലകളിൽ നിന്നും ഉൾപ്പെടെ പിൻവലിച്ച 23,000 സി.ആർ.പി.എഫ് ജവാന്മാരെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്. ജന്തർമന്തറിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വലിയ ബാരിക്കേഡുകൾ ഉയർത്തി പ്രവേശന പാതകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ പി.ജി ഹോസ്റ്റലുകളിലും സർവകലാശാലകളിലും പോലീസ് ലഘുലേഖകൾ വിതരണം ചെയ്യുകയും, വ്യാപാരികൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും സമരവുമായി സഹകരിക്കരുതെന്ന് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഡൽഹിയിലേക്കുള്ള ബസ്, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ വരെ പോലീസ് നിരീക്ഷണത്തിലാണ്. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ഇരട്ടി വീര്യത്തോടെ പ്രവർത്തകർ തെരുവിലിറങ്ങുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. അതേസമയം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശം നിഷേധിച്ചുകൊണ്ട് സമരത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.



