കളമശ്ശേരി കൂട്ടബലാത്സംഗ കേസ്: സ്പാ അഭിമുഖത്തിന്റെ മറവിൽ പ്രതികൾ പതിനഞ്ചോളം യുവതികളെ വിളിച്ചുവരുത്തി

കൊച്ചി: നാടിനെ നടുക്കിയ കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ സ്വദേശി ശ്രീരാജ്, സ്പാ തൊഴിൽ വാഗ്ദാനം ചെയ്ത് മുമ്പും നിരവധി യുവതികളെ ഇന്റർവ്യൂവിനായി വിളിച്ചുവരുത്തിയിരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത രണ്ടു മൊബൈൽ ഫോണുകളിലെ ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് ഇത്തരം പതിനഞ്ചോളം യുവതികളുടെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിജീവിതയെ സമാന രീതിയിൽ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തി രാസലഹരി നൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

ഇത്തരത്തിൽ മുൻപ് ക്ഷണിക്കപ്പെട്ട മുഴുവൻ യുവതികളെയും ബന്ധപ്പെട്ട് ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളോ മോശം അനുഭവങ്ങളോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും, പരാതി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. സ്പായുടെ മറവിൽ വൻ പെൺവാണിഭ-ലഹരി ശൃംഖലയും ഗുണ്ടാസംഘങ്ങളും പ്രവർത്തിച്ചിരുന്നതായി വ്യക്തമായതോടെ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സ്പാകളും പൂട്ടിപ്പൂട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

കൂടാതെ, പ്രതികളുടെയും സ്പാ സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാനും ഇവർക്ക് രാസലഹരി എത്തിച്ചുനൽകിയ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ (അമ്മു), സഞ്ജു എന്നിവരുൾപ്പെടെ നാലുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം.

Related Articles

- Advertisement -spot_img

Latest Articles