സി.ജെ.പി പ്രക്ഷോഭം; ഡൽഹിയിൽ മെട്രോയും ട്രെയിനുകളും പൂർണ്ണമായി തടയരുത് കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) പ്രതിപക്ഷ പാർട്ടികളും നാളെ (ഒക്ടോബർ 10, ശനി) ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മെട്രോ, ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തിവെക്കരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കർശന നിർദേശം. സർവീസുകൾ നിരോധിക്കുന്നതിന് പകരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം നിയന്ത്രിതമായ രീതിയിൽ ആനുപാതികമായി ഗതാഗതം അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ സമർപ്പിച്ച ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് ഈ നിർദേശം നൽകിയത്.

സമരത്തിന്റെ പേരിൽ 50 മെട്രോ സ്റ്റേഷനുകളുടെ എട്രി-എക്സിറ്റ് ഗേറ്റുകൾ അടയ്ക്കാൻ പോലീസ് നിർദേശം നൽകിയതും, ന്യൂഡൽഹി, നിസാമുദ്ദീൻ റെയിവേ സ്റ്റേഷനുകളിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയതുമായ നടപടികളെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിക്ക് മുന്നിൽ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സമരം തടയാൻ നഗരം മുഴുവൻ സ്തംഭിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഉപജീവനത്തിനായി ആശ്രയിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വയോധികർ എന്നിവരെ വഴിയിലാക്കരുതെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ജനങ്ങൾക്ക് യാത്ര പ്ലാൻ ചെയ്യാൻ സാധിക്കും വിധം ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് പത്രങ്ങളിലും വെബ്സൈറ്റുകളിലും മുൻകൂട്ടി കൃത്യമായ പ്രചാരം നൽകാനും സർക്കാറിനോട് സുപ്രീം കോടതി നിർദേശിച്ചു.

Related Articles

- Advertisement -spot_img

Latest Articles