ന്യൂഡൽഹി: വോട്ടുകൊള്ള ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ജന്തർമന്തറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുൻപായി ട്രെയിനുകളും മെട്രോയും ഇന്റർനെറ്റും തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾ. നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ അടിയന്തരാവസ്ഥയെ ഔദ്യോഗികമാക്കി മാറ്റിയിരിക്കുകയാണെന്ന് സി.ജെ.പി കൺവീനർ അഭിജീത് ദീപ്കെ ആരോപിച്ചു. കേന്ദ്രം പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയും ഡൽഹി ബന്ദുമാണ് നടപ്പിലാക്കുന്നതെന്ന് സി.ജെ.പി സഹ കൺവീനർ സൗരവ് ദാസും വിമർശിച്ചു. 57 മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ അടയ്ക്കാനും പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കാനും നിർദേശം നൽകിയതോടെ ഭരണകൂടം ജനകീയ പ്രതിഷേധത്തെ ഭയക്കുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി.
സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിച്ച പൂനെയിലെ വിദ്യാർത്ഥികളും കർഷക-ദളിത് സംഘടനാ പ്രവർത്തകരും അടക്കം രാജ്യത്തുടനീളം പതിനായിരത്തിലധികം പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തതായി പാർട്ടി വക്താവ് അശുതോഷ് റാങ്ക വെളിപ്പെടുത്തി. ജന്തർമന്തർ രാജ്യത്തെ ജനങ്ങളുടേതാണെന്നും അമിത് ഷായുടെ സ്വന്തമല്ലെന്നും തുറന്നടിച്ച ദീപ്കെ, ഭരണകൂട ഭീഷണികൾ കൊണ്ട് യുവാക്കളുടെ ശബ്ദം അടിച്ചമർത്താനാവില്ലെന്ന് എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ കുറിച്ചു. കടുത്ത ഉപരോധങ്ങൾക്കിടയിലും താൻ നാളെ ഡൽഹിയിലെത്തി സമരം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പിക്കൊപ്പം ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ആം ആദ്മി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതുവരെ തുടരുന്ന പ്രക്ഷോഭത്തിന് സജ്ജമായിരിക്കുന്നത്.



