‘ഇന്ത്യ’ സഖ്യം എം.പിമാർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി രാഷ്ട്രപതി, മമത ബാനർജിയും പങ്കെടുത്തേക്കും

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ടുചോർച്ച ആരോപണങ്ങളും മുൻനിർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ, ‘ഇന്ത്യ’ സഖ്യത്തിലെ പ്രമുഖ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി. ഇന്ന് രാത്രി 8 മണിക്കാണ് രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ നേരത്തെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അനുമതി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യ മന്ത്രിയുമായ മമത ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അടങ്ങുന്ന 10 അംഗ ജനപ്രതിനിധി സംഘമായിരിക്കും രാഷ്ട്രപതിയെ കാണുക.

രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പശ്ചാത്തലത്തിൽ, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേരാൻ തീരുമാനിച്ചിരുന്ന ‘ഇന്ത്യ’ സഖ്യ നേതാക്കളുടെ ഒത്തുചേരൽ വൈകുന്നേരം 5 മണിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ‘ഇന്ത്യ’ സഖ്യം രാഷ്ട്രപതിക്ക് കൈമാറും. വിഷയത്തിൽ രാഷ്ട്രപതിയുടെ നേരിട്ടുള്ള ഇടപെടൽ ആഗ്രഹിക്കുന്ന പ്രതിപക്ഷം, വരും ദിവസങ്ങളിൽ പാർലമെന്റിലും തെരുവിലും വിഷയം ശക്തമായി ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

Related Articles

- Advertisement -spot_img

Latest Articles