‘ഇന്ത്യ’ സഖ്യത്തിന്റെ രാഷ്ട്രപതി ഭവൻ മാർച്ച് പോലീസ് തടഞ്ഞു; പ്രമുഖ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് ‘ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. മാർച്ച് തടഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.ഐ നേതാവ് ഡി. രാജ, അഭിഷേക് ബാനർജി, സഞ്ജയ് റാവത്ത്, ജയറാം രമേശ് തുടങ്ങിയ പത്തോളം പ്രമുഖ നേതാക്കളാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതി, വോട്ടർ പട്ടികയിലെ നിലവിലുള്ള എസ്.ഐ.ആർ നടപടികൾ എന്നിവയിലെ ഗുരുതരമായ ആശങ്കകൾ നേതാക്കൾ രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കും.

അതേസമയം, വോട്ടുകൊള്ളയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരിക്കുന്ന പ്രക്ഷോഭം കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ കടുപ്പിച്ചു. ജനപഥ്-കർത്തവ്യ പഥ് ജങ്ഷന് ചുറ്റുമുള്ള നാല് കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് വഴിമാറാതിരിക്കാൻ ഡൽഹിയിൽ കർശന പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles