റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ രണ്ട് തവണ ആക്രമണമുണ്ടായതായും ഇതിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിൽ സൗദിയ (Saudia) വിമാനക്കമ്പനിയുടെ പൈലറ്റായ ക്യാപ്റ്റൻ ഹമൂദ് അലി അൽ-കൽത്തമി കൊല്ലപ്പെട്ടതായി വിമാനക്കമ്പനി അറിയിച്ചു. ഹമൂദ് അലിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ സൗദിയ, ദേശീയ വിമാനക്കമ്പനിക്കായി അദ്ദേഹം നൽകിയ സേവനങ്ങളെ ആദരവോടെ അനുസ്മരിച്ചു.
വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം, എന്നാൽ രണ്ടാമത്തെ ആക്രമണം നിർത്തിയിട്ടിരുന്ന സൗദിയയുടെ വിമാനത്തെ ലക്ഷ്യമാക്കിയായിരുന്നു. ആക്രമണ സമയത്ത് വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെങ്കിലും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് നിസ്സാരവും ഗുരുതരവുമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടൻ തന്നെ അടിയന്തര രക്ഷാസേനയും സുരക്ഷാ വിഭാഗങ്ങളും പ്രതിരോധ നടപടികൾ സ്വീകരിച്ചു. റിയാദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും വിമാന സർവീസുകളും ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം 6:00 മണിയോടെ സാധാരണ നിലയിലായതായി അധികൃതരും സൗദിയ വിമാനക്കമ്പനിയും വ്യക്തമാക്കി



