ലാവ്‌ലിൻ കേസിന് സമാനമായ വലിയ നിയമക്കുരുക്കിൽ പിണറായി വിജയൻ; ഹൈക്കോടതി ഉത്തരവ് കുടുംബത്തിനും പാർട്ടിക്കും തലവേദനയാകുന്നു

കൊച്ചി: ലാവ്‌ലിൻ കേസ് പോലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കാലങ്ങളോളം നിയമനടപടികളിൽ കോർത്തിട്ടേക്കാവുന്ന നിർണായക വിധിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്നത്. പിണറായി വിജയനും മകൾ വീണാ വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും ഉത്തരവിട്ട കോടതി വിധി വ്യക്തിപരമായി മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെയും സി.പി.എം പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ്. കേസിൽ പ്രതിരോധം തീർക്കാൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയെന്നതാണ് പിണറായിക്ക് മുന്നിലുള്ള പ്രധാന വഴി. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ സ്വാഭാവികമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്ത് ഗൗരവകരമായ അന്വേഷണത്തിലേക്ക് കടക്കും.

ഈ അന്വേഷണം സി.എം.ആർ.എൽ ഇടപാടിൽ പണം കൈപ്പറ്റിയ മറ്റുള്ളവരുടെ പട്ടികയും പുറത്തുകൊണ്ടുവരാൻ ഇടയാക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് ഇടതുനേതാക്കൾക്ക് പുറമെ മുൻ യു.ഡി.എഫ് മന്ത്രിമാർക്കെതിരെയുള്ള അന്വേഷണത്തിലേക്കും നീളാൻ സാധ്യതയുള്ളതിനാൽ, വിഷയം യു.ഡി എഫിനെയും പ്രതിരോധത്തിലാക്കിയേക്കാം. കെ.എം. ഷാജഹാന്റെ ഹർജിയെ സർക്കാർ ശക്തമായി എതിർത്തത് ഈയൊരു സാഹചര്യം മുന്നിൽക്കണ്ടാണ്.

ആക്ഷേപവിധേയരായവരെ നേരിട്ട് കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാദവും, അഴിമതി നിരോധന നിയമപ്രകാരം പൊതുസേവകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന നിയമപ്രശ്നവും അപ്പീലിൽ പ്രധാനമായും ഉന്നയിക്കാനാണ് സാധ്യത. ഡിവിഷൻ ബെഞ്ച് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുകയോ, എഫ്.ഐ.ആർ ഘട്ടമുണ്ടായാൽ അത് ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടി വരും. അടുത്ത നിയമപോരാട്ടങ്ങളുടെ ഗതിയെ ആശ്രയിച്ചായിരിക്കും ഈ കേസിന്റെയും ഭാവി തീരുമാനിക്കപ്പെടുക.

Related Articles

- Advertisement -spot_img

Latest Articles