ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഡൽഹിയിലേക്ക് എത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് തടയുന്ന സർക്കാറിന് കീഴിൽ തലസ്ഥാന നഗരി ഒരു ജയിലായി മാറിയിരിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡൽഹിയിലേക്കുള്ള ട്രെയിനുകളും ബസുകളും റദ്ദാക്കി നഗരത്തെ ഒരു കോട്ടയാക്കി മാറ്റിയതായും, മുപ്പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ച് ജനങ്ങളുടെ ശബ്ദം നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധങ്ങൾക്കിടയിലും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, അദ്ദേഹം രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ പൊലീസും ബി.ജെ.പി-ആർ.എസ്.എസ് ഗുണ്ടകളും നടത്തുന്ന അതിക്രമങ്ങൾ അപലനീയമാണ്. തങ്ങളുടെ സമരം തികച്ചും ന്യായമാണെന്നാണ് ഭൂരിഭാഗം പൊലീസുകാരും വ്യക്തിപരമായി അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും, വിഷയം ഹർജിയായി സമർപ്പിച്ച് നിയമപരമായ മാർഗ്ഗം സ്വീകരിക്കാനാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രതിപക്ഷ എം.പിമാർക്കൊപ്പം സുപ്രീം കോടതിയിലെത്തി ഔദ്യോഗികമായി ഹർജി സമർപ്പിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ചാ അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലും പ്രഖ്യാപിച്ച പ്രകാരം സുപ്രീം കോടതിയിലേക്കുള്ള മാർച്ചുമായി മുന്നോട്ടുപോകാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. ഡൽഹി ഇതുവരെ കാണാത്ത വലിയ ജനകീയ പ്രക്ഷോഭമായി ഇന്നത്തെ ദിവസം മാറുമെന്നും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏത് തടസ്സങ്ങളെയും അതിജീവിച്ച് ജനാധിപത്യ പോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി.



