വോട്ട് മോഷണം: ഇന്ത്യാ മുന്നണിയുടെ സുപ്രീം കോടതി മാർച്ചിൽ കോക്ക്രോച്ച് ജനതാ പാർട്ടിയും അണിചേരും

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് മോഷണവും ആരോപിച്ച് ഇന്ത്യാ മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തുന്ന മാർച്ചിൽ കോക്ക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) അണിചേരുമെന്ന് പ്രഖ്യാപനം. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്നും, തങ്ങളുടെ ടീം മാർച്ചിൽ പങ്കെടുക്കുമെന്നും സി.ജെ.പി നേതാവ് അശുതോഷ് റാങ്ക മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ കൊള്ളയ്ക്കെതിരെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് സമാധാനപരമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

അതിനിടയിൽ, ഡൽഹിയിൽ പ്രതിഷേധങ്ങൾക്കായി ജന്തർമന്തറിന് പകരം പുതിയ വേദികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹി പോലീസിന് സി.ജെ.പി നേതാക്കൾ 24 മണിക്കൂർ അന്ത്യശാസനം നൽകി. ജന്തർമന്തറിൽ പ്രതിഷേധം നടത്താൻ അനുയോജ്യമായ തീയതികളും സമയവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അവർ, നിശ്ചിത സമയത്തിനുള്ളിൽ പോലീസ് മറുപടി നൽകിയില്ലെങ്കിൽ അടുത്ത സമര നടപടികൾ പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ തെരുവിലിറങ്ങിയതോടെ ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം അതീവ സംഘർഷഭരിതമായിരിക്കുകയാണ്. പ്രതിഷേധങ്ങൾ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ മധ്യ ഡൽഹിയിലും സുപ്രീം കോടതി പരിസരത്തും വൻതോതിൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Related Articles

- Advertisement -spot_img

Latest Articles