റിയാദ്: സൗദി അറേബ്യക്ക് പുറത്ത് യാത്ര ചെയ്യുന്ന റോമിംഗ് ഉപഭോക്താക്കൾക്കായി സൗജന്യ ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ എസ്‌ടിസി (stc). രാജ്യത്തിന് പുറത്തുള്ള റോമിംഗ് ഉപഭോക്താക്കൾക്ക് സൗദി അറേബ്യയിലേക്ക് തിരിച്ചുവിളിക്കാനും വരുന്ന കോളുകൾ സ്വീകരിക്കാനും പരിധിയില്ലാത്ത സൗജന്യ കോൾ സൗകര്യമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെയും അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിലാണ് കമ്പനി അടിയന്തര ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്തുള്ള എല്ലാ ഉപഭോക്താക്കൾക്കും സൗദിയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും യാതൊരു തടസ്സവുമില്ലാതെ അടിയന്തരമായി ബന്ധപ്പെടാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഓഫർ നൽകുന്നത്. ഒരാഴ്ച്ച കാലത്തേക്ക് ആണ് സൗജന്യ സേവനം ഉള്ളത്.
രാജ്യത്തിന് പുറത്തുള്ളവർക്ക് ഉയർന്ന റോമിംഗ് നിരക്കുകൾ ഒഴിവാക്കാനും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാനും ഇത് സഹായിക്കും.
ഒരു ആഴ്ചത്തേക്ക് ലഭ്യമാകുന്ന സേവനം വഴി വിദേശത്തുള്ള എസ്‌ടിസി ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ നാട്ടിലുള്ളവരുമായി സംസാരിക്കാം. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യാത്രയിലുള്ളവർക്കും വിദേശത്തുള്ള പ്രവാസികൾക്കും റോമിംഗ് ആനുകൂല്യം വലിയ ആശ്വാസമാകും.



