ന്യൂഡൽഹി: ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ പാസ്‌പോർട്ട് താത്കാലികമായി വിട്ടുനൽകണമെന്നും ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചു. മക്കയിലും മദീനയിലും സന്ദർശനം നടത്തുന്നതിനായി രണ്ടാഴ്ചത്തെ അനുമതി വേണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. യാത്ര പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ പാസ്‌പോർട്ട് കോടതിയിൽ തിരികെ സമർപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഉംറ തീർത്ഥാടനത്തിന് പുറമെ, അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നും പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) ആനുകൂല്യങ്ങളും വ്യക്തിഗത വസ്തുക്കളും തിരിച്ചുനൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നതിനാൽ സ്വന്തം സമ്പാദ്യവും തൊഴിൽ ആനുകൂല്യങ്ങളും ഉപയോഗിക്കാൻ കഴിയാത്തത് കുടുംബത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം അന്വേഷണത്തിനിടെ പിടിച്ചെടുത്ത തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളും തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ദീഖ് കാപ്പന്റെ അപേക്ഷ പരിഗണിച്ച സുപ്രീം കോടതി, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. 2020 ഒക്ടോബറിൽ ഹാത്‌റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്‌തത്. രണ്ടുവർഷത്തിലേറെക്കാലത്തെ ജയിൽവാസത്തിന് ശേഷം 2023 ഫെബ്രുവരിയിലാണ് ജാമ്യത്തിൽ സിദ്ധീഖ് കാപ്പൻ പുറത്തിറങ്ങിയത്.



