ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപണങ്ങളിലും വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ്.ഐ.ആറിലും (SIR) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ 14 സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി രജിസ്ട്രി. ഹർജിയിൽ കോർട്ട് ഫീസായി 220 രൂപയുടെ കുറവുണ്ടെന്നും, രാഹുൽ ഗാന്ധിക്കൊപ്പം ഹർജി നൽകിയ ഒൻപത് പ്രതിപക്ഷ നേതാക്കളുടെ ഔദ്യോഗിക അംഗീകാരപത്രം ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രധാന കണ്ടെത്തുൽ. കൂടാതെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് വ്യക്തമല്ലെന്നും, ചില വക്കാലത്തുകൾ ഹാജരാക്കിയില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. രേഖകളുടെ ഫോണ്ട് വലുപ്പത്തിലെ കുറവ്, പേജ് നമ്പറുകളിലെ തെറ്റുകൾ, മങ്ങിയ പകർപ്പുകൾ തുടങ്ങിയ വൈകല്യങ്ങൾ പരിഹരിച്ച് സമർപ്പിച്ചാൽ മാത്രമേ ഹർജി വാദത്തിനായി കോടതിക്ക് മുന്നിൽ പരിഗണിക്കുകയുള്ളൂ.
‘രാഹുൽ ഗാന്ധി vs തെരഞ്ഞെടുപ്പ് കമ്മീഷൻ’ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുമാണ് എതിർകക്ഷികൾ. മല്ലികാർജുൻ ഖാർഗെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സുപ്രിയ സുലെ, എം.എ. ബേബി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങി പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം ഹർജിക്കാരാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടുക, തീരുമാനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുക, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, സ്വതന്ത്ര സമിതിയെക്കൊണ്ട് ഓഡിറ്റ് നടത്തുക തുടങ്ങിയ 10 പ്രധാന ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ ‘ജനാധിപത്യത്തിനായി മാർച്ച്’ എന്ന പേരിൽ ഇന്ത്യാ മുന്നണി നേതാക്കൾ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാൻ അനുമതി തേടിയെങ്കിലും, വിഷയം ഹർജിയായി കോടതിയുടെ പരിഗണനയിലായതിനാൽ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചിരുന്നു. കോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും നിയമപരമായ വഴിയിലൂടെ സമീപിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതിന് പിന്നാലെ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ സാങ്കേതിക പിഴവുകൾ പരിഹരിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.



