വടകര: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ ബന്ധു വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര മയ്യന്നൂർ സ്വദേശി നാസറിനാണ് (50) മാരകായുധങ്ങളുമായുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ മയ്യന്നൂരിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഇയാളെ പെൺകുട്ടിയുടെ ബന്ധുവായ യുവാവ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിലുടനീളം ആഴത്തിൽ വെട്ടേറ്റ നാസറിനെ വടകര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഈ മാസം മൂന്നിനായിരുന്നു നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന ഇയാൾക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. നാസർ ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ വിവരമറിഞ്ഞാണ് പ്രതി ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും വടകര പോലീസ് അറിയിച്ചു.



