ഖത്തർ കെ.എം.സി.സി ഫണ്ട് കവർച്ചാ കേസ്: കരിപ്പൂരിലും പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫീസിൽ നടന്ന കോടികളുടെ കവർച്ചാ കേസിൽ അറസ്റ്റിലായ ബി.ജെ.പി പ്രാദേശിക നേതാവ് ബാലകൃഷ്ണനുമായി പോലീസ് തെളിവെടുപ്പ് നടത്തി. കരിപ്പൂർ വിമാനത്താവളത്തിലും കേസിലെ ഒന്നാം പ്രതി ബോംബെ ഷാജി എന്ന ഷാജിയുടെ വീട്ടിലുമാണ് അന്വേഷണ സംഘം പ്രതിയെ എത്തിച്ച് പരിശോധന നടത്തിയത്. ഓഫീസിൽ കവർച്ച നടത്താൻ സഹായം നൽകിയ ശേഷം ബാലകൃഷ്ണനും ഷാജിയും ഖത്തറിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ പരിശോധന നടത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊയിലാണ്ടി ഇൻസ്പെക്ടർ ആർ.എൻ. പ്രശാന്ത് അറിയിച്ചു.

കോടതി അനുവദിച്ച രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധിയിൽ ബാലകൃഷ്ണനെ വിശദമായി ചോദ്യം ചെയ്തെങ്കിലും കവർച്ച ആസൂത്രണം ചെയ്തതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചില്ലെന്നാണ് സൂചന. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊയിലാണ്ടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.

ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് 31 ലക്ഷം റിയാൽ (ഏകദേശം 8.6 കോടി രൂപ) ആണ് സംഘം കവർന്നത്. കേസിൽ ഇനി പിടിയിലാകാനുള്ള പ്രധാന പ്രതികളായ കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സാലിഹ്, മമ്മളി എന്ന ഹസൻ, നിസാർ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles