തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം നിയമവിരുദ്ധം? സുപ്രീം കോടതിയിൽ പുതിയ ഹരജി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ നിയമനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹരജി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കപ്പെടുന്നവർക്ക് കൃത്യമായ പ്രവൃത്തി പരിചയമുണ്ടോ എന്ന് സെലക്ഷൻ കമ്മിറ്റി പരിശോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

വിവരാവകാശ നിയമപ്രകാരം നിയമനിർമാണ വകുപ്പിൽ നിന്ന് ലഭിച്ച രേഖകൾ ചൂണ്ടിക്കാണിച്ചാണ് ഹരജിക്കാരനായ സുരി പയാല റിട്ട് ഹരജി സമർപ്പിച്ചത്. 2024 മാർച്ചിലും 2025 ഫെബ്രുവരിയിലും നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനങ്ങളാണ് ഹരജിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. കമ്മീഷണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ സത്യസന്ധതയോ തെരഞ്ഞെടുപ്പ് നടത്തിപ്പിലുള്ള പരിചയസമ്പത്തോ സെർച്ച് കമ്മിറ്റിയോ സെലക്ഷൻ കമ്മിറ്റിയോ കൃത്യമായി വിലയിരുത്തിയിട്ടില്ലെന്ന് ഹരജിയിൽ ആരോപിക്കുന്നു. സെർച്ച് കമ്മിറ്റിയുടെയും സെലക്ഷൻ കമ്മിറ്റിയുടെയും മുന്നിൽ വെച്ച രേഖകളിൽ ഉദ്യോഗാർത്ഥികളുടെ പട്ടിക, സേവന വിവരങ്ങൾ, തീയതികൾ എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ ആന്റ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്) ആക്ട്, 2023ലെ വ്യവസ്ഥകൾ പ്രകാരമാണ് നിയമന നടപടികളെ ഹരജിക്കാരൻ ചോദ്യം ചെയ്യുന്നത്. കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുമ്പോഴും ശുപാർശ ചെയ്യുമ്പോഴും ഉദ്യോഗാർത്ഥികളുടെ യോഗ്യതയും സത്യസന്ധതയും വിലയിരുത്തിയതായി രേഖകളിൽ വ്യക്തതയില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, ചുരുക്കപ്പട്ടികയിലെ അംഗങ്ങളുടെ എണ്ണം കുറച്ചതിനുള്ള മാനദണ്ഡങ്ങളും വ്യക്തമല്ലെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles