ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ഫോട്ടോ വിവാദത്തിനിടയിലും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് വീണ്ടും സീറ്റ് നൽകി ബി.ജെ.പി

ഭോപാല്‍: ലൈംഗികാതിക്രമ കേസിൽ പ്രതിയായ അമേരിക്കന്‍ വ്യവസായി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കനത്ത വിമർശനങ്ങൾ നേരിടുന്നതിനിടയിലും, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് രാജ്യസഭയിലേക്ക് വീണ്ടും അവസരം നൽകി ബി.ജെ.പി. മധ്യപ്രദേശിൽ നിന്നാണ് ഹർദീപ് സിങ് പുരി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. അടുത്തിടെ രാജിവെച്ച കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഒഴിഞ്ഞ സീറ്റാണ് പുരിക്ക് നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏക സിഖ് മുഖമായ പുരിയെ ഉത്തർപ്രദേശിൽ നിന്നുള്ള മുൻ പട്ടികയിൽ ഒഴിവാക്കിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നുവെങ്കിലും, അടുത്ത വർഷത്തെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് പാർടിയുടെ ഈ നിർണായക നീക്കം. നവംബർ 12-നാണ് ഈ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ജെഫ്രി എപ്സ്റ്റീന്റെ രേഖകളിൽ പുരിയുമായുള്ള ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ പരാമർശങ്ങളുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ചിത്രത്തിൽ എപ്സ്റ്റീനും ഹർദീപ് സിങ് പുരിയും മാത്രമാണ് ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുന്നത് വ്യക്തമായത്. എന്നാൽ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.പി.ഐ) ജോലി ചെയ്തിരുന്ന കാലത്ത് ഒരു പ്രതിനിധി സംഘത്തിനൊപ്പമാണ് എപ്സ്റ്റീനെ കണ്ടതെന്നായിരുന്നു പുരിയുടെ മുൻപത്തെ അവകാശവാദം. പുതിയ ചിത്രം പുറത്തുവന്നത് ഈ വാദത്തിന് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേസമയം, രാജ്യസഭാംഗമായി 2030 വരെ കാലാവധിയുണ്ടായിരുന്നിട്ടും എൽ. മുരുകൻ പെട്ടെന്ന് മന്ത്രിസ്ഥാനവും എം.പി സ്ഥാനവും രാജിവെച്ചൊഴിഞ്ഞത് രാഷ്ട്രീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുരുകന്റെ രാജിക്ക് പിന്നാലെയാണ് മധ്യപ്രദേശിൽ ഒഴിവുവന്ന സീറ്റിലേക്ക് ഹർദീപ് സിങ് പുരിയെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചത്.

Related Articles

- Advertisement -spot_img

Latest Articles