മംഗളൂരു: ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിൽപിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നൽകി ആദരിച്ച് മംഗളൂരു യെനെപൊയ യൂണിവേഴ്സിറ്റി. കഴിഞ്ഞ 60 വർഷത്തിലധികമായി വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ-മാനവിക മേഖലകളിൽ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. മംഗളൂരു ദേരളക്കാട്ടയിലെ യെനെപോയ ക്യാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യൂണിവേഴ്സിറ്റി ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഡോക്ടറേറ്റ് സമ്മാനിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരൻ എന്ന നിലയിലും ഗ്രാൻഡ് മുഫ്തി എന്ന നിലയിലും വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സമാധാനം, ഐക്യം, രാഷ്ട്രനിർമ്മാണം എന്നിവയിൽ നിസ്തുലമായ സേവനങ്ങളാണ് കാന്തപുരം കാഴ്ചവെച്ചതെന്ന് ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. ഉത്തരവാദിത്തവും അനുകമ്പയും സാമൂഹിക ബോധവുമുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ കാന്തപുരം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തെ ആദരിക്കുന്നതിൽ സർവകലാശാല ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യനെ സംസ്കരിക്കാനും പുരോഗതിയിലേക്ക് നയിക്കാനും വിദ്യാഭ്യാസം അനിവാര്യമാണെന്ന ആശയമാണ് തന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകിയതെന്നും ഇത്രയും വലിയ വിദ്യാഭ്യാസ ശൃംഖല കെട്ടിപ്പടുക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണെന്നും ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് കാന്തപുരം പ്രതികരിച്ചു.
യൂണിവേഴ്സിറ്റിയുടെ 16-ാമത് കോൺവൊക്കേഷന്റെ ഭാഗമായി യെൻഡുറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ.എസ്. ഗംഗാധര സൗമ്യാജി, രജിസ്ട്രാർ ഡോ. അശ്വിനി ദത്ത്, പ്രോ-ചാൻസിലർമാരായ ഡോ. വിജയകുമാർ, ഡോ. മുഹമ്മദ് ഫർഹാദ് യെനെപോയ, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. ബി.ടി. നന്ദീഷ്, ഇസ്ലാമിക് അക്കാദമി ഓഫ് എഡ്യുക്കേഷൻ ട്രസ്റ്റി ഡോ. ഹബീബ് റഹ്മാൻ, ജാമിഅ മർകസ് പ്രോ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.



