ജിദ്ദ: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളും വ്യോമയാന നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി അറേബ്യയിലേക്കുള്ള സർവീസ് റദ്ദാക്കൽ നീട്ടിയതോടെ, ഇന്ത്യയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ്. ദമ്മാമിൽ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ഡൽഹി, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും റിയാദിൽ നിന്ന് കോഴിക്കോട്, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുമാണ് ഫ്ലൈനാസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ജിദ്ദയിലെ ഇന്ത്യൻ കോണ്സുലേറ്റാണ് പ്രവാസികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് ഈ വിവരങ്ങൾ പങ്കുവെച്ചത്. വിമാനങ്ങളുടെ തീയതി, സമയം, ടിക്കറ്റ് നിരക്ക്, സീറ്റുകളുടെ ലഭ്യത എന്നിവ ഫ്ലൈനാസിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി യാത്രക്കാർ ഉറപ്പുവരുത്തേണ്ടതാണ്.
നിലവിൽ വിവിധ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത് പ്രവാസികൾക്ക് വലിയ യാത്രാദുരിതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇൻഡിഗോ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമ്മാം റൂട്ടുകളിൽ നവംബർ 7 വരെയും ജിദ്ദ റൂട്ടിൽ ഒക്ടോബർ 31 വരെയും സർവീസുകൾ നിർത്തിവെച്ചു. അകാശ് എയർ ജിദ്ദയിലേക്കുള്ള വിമാനങ്ങൾ നവംബർ 10 വരെയും റിയാദിലേക്കുള്ളവ നവംബർ 30 വരെയുമാണ് റദ്ദാക്കിയിട്ടുള്ളത്.
സർവീസുകൾ മുടങ്ങിയത് മൂലം യാത്രാപദ്ധതികളിൽ മാറ്റം വരുത്തേണ്ടി വരുന്നവർ ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 24-നോ അതിനു മുൻപോ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി സൗജന്യ റീബുക്കിങ് സൗകര്യമോ ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കുന്നതിനുള്ള ഓപ്ഷനോ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ബുദ്ധിമുട്ടിലായ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും സഹായത്തിനായി ജിദ്ദയിലെയും മക്കയിലെയും ഇന്ത്യൻ കൺട്രോൾ റൂമുകൾ വഴി ഏകോപനം നടത്തുന്നുണ്ട്.



