ഇറാനെതിരെയുള്ള യുദ്ധം അമേരിക്കയെ കൂടുതൽ ദുർബലമാക്കിയെന്ന് ബരാക് ഒബാമ

അറ്റ്‌ലാൻഡ: ഇറാനെതിരെ നിലവിലെ അമേരിക്കൻ ഭരണകൂടം ആരംഭിച്ച യുദ്ധം രാജ്യത്തിന്റെ സുരക്ഷ കൂടുതൽ ദുർബലമാക്കിയെന്ന് മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ജോർജിയയിലെ മോറോയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് ഒബാമ ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് (Midterms) മുന്നോടിയായാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ പ്രചാരണ യോഗങ്ങൾ സജീവമായിരിക്കുന്നത്.

ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലാതിരുന്നിട്ടും ട്രംപ് എന്തിനാണ് യുദ്ധത്തിന് മുതിർന്നതെന്ന് ഒബാമ ചോദിച്ചു. തന്റെ ഭരണകാലത്ത് ടെഹ്‌റാനുമായി ഒപ്പുവെച്ച 2015-ലെ ആണവ കരാർ രാജ്യത്തിന്റെ ആണവ പദ്ധതികളെ വിജയകരമായി നിയന്ത്രിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് മിസൈലുകൾ പ്രയോഗിക്കേണ്ടി വന്നിട്ടില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് കാര്യങ്ങൾ സാധിച്ചതെന്നും ഒബാമ അവകാശപ്പെട്ടു.

ഈ യുദ്ധം അമേരിക്കയ്ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്നും ഒബാമ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും സഖ്യകക്ഷികളും ആക്രമിക്കപ്പെട്ടു, ഒട്ടനവധി സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നമ്മുടെ പക്കലുണ്ടായിരുന്ന മിസൈൽ ശേഖരം തീർന്നത് രാജ്യത്തിന്റെ പ്രതിരോധശേഷി കുറച്ചു. കൂടാതെ ഹോർമുസ് കടലിടുക്കിന്റെ മേൽ ഇറാൻ ആധിപത്യം സ്ഥാപിക്കുന്ന സ്ഥിതിയുണ്ടായെന്നും ഒബാമ വിമർശിച്ചു. ആഗോള വിപണിയിലെ എണ്ണ വില വർദ്ധനവിന് കാരണം ഈ യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles