ഇസ്രായേലിൽ നെതന്യാഹുവിന് തിരിച്ചടി: പുതിയ സർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ടിനെ പിന്തുണയ്ക്കാൻ പ്രതിപക്ഷം

ടെൽഅവീവ്: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ഭരണത്തിൽ നിന്നും പുറത്താക്കാൻ നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. യശർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ചർച്ചകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് മുന്നിൽ ഐസൻകോട്ടിന്റെ പേര് നിർദേശിക്കാനാണ് പ്രതിപക്ഷ ധാരണ.

കഴിഞ്ഞയാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിന്യമിൻ നെതന്യാഹുവിന്റെ ബ്ലോക്കിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് എട്ട് സീറ്റുകൾ തികയ്ക്കാനാകാതെ നെതന്യാഹു തടസ്സ നേരിടുമ്പോൾ, പ്രതിപക്ഷ പാർട്ടികളുടെയും അറബ് പാർട്ടികളുടെയും പിന്തുണയോടെ 67 അംഗങ്ങളുടെ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറാനാണ് ഐസൻകോട്ടിന്റെ ശ്രമം. യയർ ഗോലന്റെ ‘ദി ഡെമോക്രാറ്റ്സ്’, മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ ‘ടുഗെതർ’, അവിഗ്ദോർ ലിബർമാന്റെ ‘ഇസ്രായേൽ ബെയ്തെയ്നു’ എന്നീ പാർട്ടികൾ ഐസൻകോട്ടിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ തിരിച്ചുവരവ് തടയാൻ യൂസഫ് ജബരിന്റെ ‘ജോയിന്റ് ലിസ്റ്റ്’, മൻസൂർ അബ്ബാസിന്റെ ‘യുണൈറ്റഡ് അറബ് ലിസ്റ്റ്’ എന്നീ അറബ് പാർട്ടികളും ഐസൻകോട്ടിനെ പിന്തുണച്ചേക്കും.

അതേസമയം, നെതന്യാഹുവുമായി സഖ്യത്തിനില്ലെന്നും ഒരു വർഷത്തിനുള്ളിൽ വീണേക്കാവുന്ന ന്യൂനപക്ഷ സർക്കാരിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അവിഗ്ദോർ ലിബർമാൻ വ്യക്തമാക്കി. നവംബർ 10-ന് പുതിയ പാർലമെന്റ് (ക്നെസറ്റ്) ചേരുമ്പോൾ നിലവിലെ സ്പീക്കർ അമീർ ഒഹാനയ്ക്ക് പകരം യയർ ലാപിഡിനെ സ്പീക്കറായി പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന ചർച്ചകൾക്ക് ശേഷം ഏറ്റവും കൂടുതൽ പിന്തുണ നേടാൻ ശേഷിയുള്ള നേതാവിനെയായിരിക്കും പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുക. ക്ഷണിക്കപ്പെടുന്ന നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ 28 ദിവസത്തെ സമയവും (ആവശ്യമെങ്കിൽ 14 ദിവസം അധികവും) ലഭിക്കും. എന്നാൽ പ്രതിപക്ഷ-അറബ് പാർട്ടികൾക്കിടയിൽ കൃത്യമായ ഭരണസഖ്യ ധാരണകൾ നിലവിൽ വരാത്തതും, നെതന്യാഹുവിന്റെ സഖ്യത്തിൽ നിന്നുള്ള കൂറുമാറ്റ സാധ്യതകളും മുന്നിലുള്ളതിനാൽ ഇസ്രായേലിൽ അന്തിമ ഭരണചിത്രം തെളിയാൻ ദിവസങ്ങൾ എടുത്തേക്കും.

Related Articles

- Advertisement -spot_img

Latest Articles