കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരം സംബന്ധിച്ച കേസിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണനയിൽ. മതിയായ ഹാജരില്ലാത്തതിനാൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് വൈസ് ചാൻസലർ സിസ തോമസ് അപ്പീൽ സമർപ്പിച്ചത്.
ക്യാമ്പസിലെ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ വി.സിയുടെ പ്രതീകാത്മക ശവമഞ്ചം ഒരുക്കി നാടകം കളിച്ചെന്ന് ആരോപിച്ചാണ് 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. 63 ദിവസമായി സസ്പെൻഷനിൽ തുടരുന്ന വിദ്യാർത്ഥികൾക്ക് എക്സാം രജിസ്ട്രേഷനും ഫീസടക്കാനും അവസരം നൽകണമെന്ന് കഴിഞ്ഞ ഒക്ടോബർ 30-ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർത്ഥികളെ പരീക്ഷ എഴുതിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന സർവ്വകലാശാല തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.
സ്വന്തം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് തടയാൻ ഒരു സർവ്വകലാശാല തന്നെ കോടതിയെ സമീപിക്കുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. സർവ്വകലാശാലയുടെ ഈ നടപടിക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ശക്തമായ നിരാഹാര സമരവും പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.



