മുൻ ത്രോബോൾ താരം അശ്വതിക്ക് താങ്ങായി എം.എ. യൂസുഫലി: ബാങ്ക് ജപ്തി ചെയ്ത വീട് 34.5 ലക്ഷം നൽകി വീണ്ടെടുത്തു നൽകി

കണ്ണൂർ: വായ്പാ കുടിശ്ശികയെ തുടർന്ന് ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഒറ്റമുറി ഷെഡിൽ ദുരിതജീവിതം നയിച്ചിരുന്ന മുൻ സംസ്ഥാന ത്രോബോൾ താരം അശ്വതിക്കും കുടുംബത്തിനും ആശ്വാസവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. പലിശയും കൂട്ടുപലിശയും ഉൾപ്പെടെ 34,53,387 രൂപയുടെ ബാങ്ക് ബാധ്യത മുഴുവനായും അടച്ചുതീർത്താണ് അശ്വതിയുടെ കുടുംബത്തിന് അടച്ചുറപ്പുള്ള സ്വന്തം വീട് അദ്ദേഹം വീണ്ടെടുത്തു നൽകിയത്. ലണ്ടനിൽ നിന്നുള്ള യാത്രയ്ക്കിടെ അശ്വതിയുടെ കുടുംബത്തിന്റെ ദയനീയ സ്ഥിതി വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യൂസുഫലി ഇടപെടൽ നടത്തുകയായിരുന്നു.

കണ്ണൂർ തളിപ്പറമ്പ് സായാഹ്ന ശാഖയിൽ നിന്നും വീടുപണിക്കായി എടുത്ത 15 ലക്ഷം രൂപയുടെ വായ്പയാണ് കുടുംബത്തിനുണ്ടായ തുടർച്ചയായ രോഗ ദുരിതങ്ങൾ കാരണം തിരിച്ചടയ്ക്കാൻ കഴിയാതെ പോയത്. ഭർതൃപിതാവിന് വിഷബാധയേറ്റതും ഭർതൃമാതാവ് വൃക്കരോഗിയായതും ഭർത്താവിന് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ചതും കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു. വായ്പ മുടങ്ങി തുക 34 ലക്ഷത്തിന് മുകളിലായതോടെ ബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. തുടർന്ന് രണ്ട് പിഞ്ചുകുഞ്ഞുങ്ങളും രോഗികളായ മാതാപിതാക്കളുമടക്കം ആറുപേരടങ്ങുന്ന കുടുംബം വീടിനോട് ചേർന്നുള്ള ഒറ്റമുറി ഷെഡിൽ ഒരു കട്ടിലിൽ കടുത്ത ദുരിതത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

വാർത്ത കണ്ട് അർദ്ധരാത്രി രണ്ട് മണിയോടെ തന്നെ ബാങ്ക് ബാധ്യത തീർത്ത് കുടുംബത്തിന് വീട് ലഭ്യമാക്കാൻ യൂസുഫലി നിർദേശം നൽകുകയായിരുന്നുവെന്ന് ലുലുഗ്രൂപ്പ് മീഡിയ മാനേജർ എൻ.ബി. സ്വരാജ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തുക മുഴുവനായി അടച്ചുതീർത്തു. ബാങ്ക് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും. സ്വന്തം വീട് ലേലത്തിൽ പോകുമെന്ന ഭയത്തിലും അടച്ചുറപ്പില്ലാത്ത ഷെഡിലും കഴിഞ്ഞിരുന്ന അശ്വതിക്കും കുടുംബത്തിനും യൂസുഫലിയുടെ ഈ കരുണാർദ്രമായ ഇടപെടൽ വലിയൊരനുഗ്രഹമായി മാറി.

Related Articles

- Advertisement -spot_img

Latest Articles