പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് അബദ്ധത്തിൽ; ആ നടപടി ശരിയായിരുന്നില്ലെന്ന് ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ എൽ.ഡി.എഫ് സർക്കാർ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തിൽ സംഭവിച്ചുപോയ ആ നടപടി ശരിയായിരുന്നില്ലെന്നാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ആർ.സികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും, കേന്ദ്ര സഹായം അനിവാര്യമായിരുന്ന ആ സന്ദർഭത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടുപോയതെന്നും ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. ചെയ്തത് ശരിയല്ലെങ്കിൽ പോലും അന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ അങ്ങനെ സംഭവിച്ചുപോയതാണെന്ന് അദ്ദേഹം സമ്മതിച്ചു.

അതേസമയം, സി.പി.ഐ ഈ വിഷയം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന സ്വാഗതാർഹമായ നിലപാടാണെന്നും, തെറ്റുകൾ തിരുത്താനുള്ള ആർജ്ജവം ഇടതുപക്ഷത്തിന് മാത്രമാണുള്ളതെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles