ഗസ്സ: യുദ്ധക്കെടുതിയിലും കടുത്ത ഉപരോധത്തിലും വലയുന്ന ഗസ്സയിലെ ജനങ്ങളെ സ്വാധീനിച്ച് ചാരന്മാരെ റിക്രൂട്ട് ചെയ്യാനായി പുതിയ മനഃശാസ്ത്ര യുദ്ധതന്ത്രവുമായി (Psychological Warfare) ഇസ്രായേൽ സൈന്യം. വർഷങ്ങളായി ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നിഷേധിച്ച് ജനങ്ങളെ പട്ടിണിക്കിടുന്ന ഇസ്രായേൽ, ഗസ്സ സിറ്റി, ദെയ്റുൽ ബലാഹ്, അൽ സരായ, നാസർ തുടങ്ങിയ മേഖലകളിൽ ക്വാഡ്കോപ്റ്റർ ഡ്രോണുകൾ ഉപയോഗിച്ച് കാപ്പിപ്പൊടിയും സിഗരറ്റും അടങ്ങിയ ചെറിയ പാക്കറ്റുകൾ വിതരണം ചെയ്തു. ‘കാപ്പി പാത്രവും കപ്പും ഒരു വ്യക്തിയുടെ ഉദാരമനസ്കതയെ സൂചിപ്പിക്കുന്നു’ തുടങ്ങിയ സൗഹാർദ്ദ വചനങ്ങൾക്കൊപ്പം, ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ ലോഗോയും വാട്സ്ആപ്പ് നമ്പറുകളും അച്ചടിച്ച ലഘുലേഖകളും ഈ പാക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്കും ഫലസ്തീൻ സായുധ സംഘങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറാൻ താൽപര്യമുള്ളവർക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നാണ് സന്ദേശം.
ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെയും സൈന്യം ലക്ഷ്യമിടുന്നവരുടെയും പേരുകളും ചിത്രങ്ങളും ഈ ലഘുലേഖകളിലുണ്ട്. ഔദ്യോഗിക അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി സിഗരറ്റ് കടത്തുന്നത് ഇസ്രായേൽ ഒരു വർഷത്തിലേറെയായി തടഞ്ഞിരിക്കുന്നതിനാൽ ഗസ്സയിൽ സിഗരറ്റിനും കാപ്പിക്കും കടുത്ത ക്ഷാമവും വൻവിലയുമാണ്. ഈ സാഹചര്യത്തിൽ ഡ്രോണുകൾ വർഷിച്ച പാക്കറ്റുകൾ ജനങ്ങൾ ശേഖരിച്ചെങ്കിലും, തങ്ങളെ സ്വാധീനിച്ച് ഹമാസിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താനാണ് ഈ നീക്കമെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികൾ ലഘുലേഖകൾ കീറിക്കളയുകയും കത്തിക്കുകയുമാണ് ചെയ്തത്. വീടുകൾ തകർത്ത് തങ്ങളെ ടെന്റുകളിലേക്ക് മാറ്റിയവരുടെ പെട്ടെന്നുള്ള സ്നേഹം വിശ്വസിക്കാനാകില്ലെന്ന് ജബലിയ ക്യാമ്പിലെ താമസക്കാരനായ അമീർ നൗഫൽ പ്രതികരിച്ചു.
ദെയ്റുൽ ബലാഹിലെ മാർക്കറ്റിൽ ഡ്രോണുകൾ വഴി സിഗരറ്റും കാപ്പിയും വിതരണം ചെയ്തപ്പോൾ ആളുകൾ ഓടിക്കൂടിയത് ഇസ്രായേൽ സൈന്യത്തെ സഹായിക്കാനല്ല, മറിച്ച് കടുത്ത ക്ഷാമമുള്ള സിഗരറ്റ് ശേഖരിക്കാൻ മാത്രമായിരുന്നെന്ന് 35-കാരനായ പച്ചക്കറി വ്യാപാരി മുഅ്മിൻ അബൂ അജ്വ വ്യക്തമാക്കി. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം മതിയായ പാർപ്പിടമോ വസ്ത്രമോ ഇല്ലാതെ ഗസ്സയിലെ 20 ലക്ഷത്തിലധികം ജനങ്ങൾ ദുരിതത്തിലാണ്. ആക്രമണങ്ങളിൽ ഇതുവരെ 75,000-ത്തോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ലഘുലേഖകളിലെ നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ഫലസ്തീൻ സുരക്ഷാ ഏജൻസികൾ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻപും ഇത്തരം നീക്കങ്ങൾ ഇസ്രായേൽ സേന നടത്തിയിട്ടുണ്ടെന്നും, അന്ന് മാനുഷിക സഹായം തേടി ഈ നമ്പറുകളിൽ വിളിച്ച ചിലർ അറിയാതെ ഇസ്രായേൽ ചാരസംഘടനയുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നും ഗസ്സയിലെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് ഭൂരിഭാഗം ജനങ്ങൾക്കും ഇസ്രായേലിന്റെ യഥാർത്ഥ ലക്ഷ്യം വ്യക്തമായി മനസ്സിലായിട്ടുണ്ട്. പാക്കറ്റുകൾക്കായി ആളുകൾ ഓടിക്കൂടുന്നത് ഇസ്രായേലിനുള്ള പിന്തുണയല്ല, മറിച്ച് ഗസ്സ നേരിടുന്ന രൂക്ഷമായ ക്ഷാമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ഇസ്രായേലിന് ആത്മാർത്ഥമായ ആശങ്കയുണ്ടെങ്കിൽ, ചാരവൃത്തിക്കുള്ള ലഘുലേഖകൾക്കൊപ്പം സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പകരം അതിർത്തി കവാടങ്ങൾ തുറന്നുനൽകുകയാണ് വേണ്ടതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.



