ബുറൈദ: അൽഖസീം പ്രവിശ്യയിലുണ്ടായ ബസ് അപകടത്തിൽ നാല് പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്റർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ നിർണ്ണയിക്കുന്നതിനായി നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി സെന്ററിന്റെ സുരക്ഷാ അന്വേഷണ സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് വിവരങ്ങളും തെളിവുകളും ശേഖരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, റിയാദ് പ്രവിശ്യയിൽപ്പെട്ട സുൽഫിയെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ ബസ് അപകടത്തിൽ ഒരു സൗദി കുടുംബത്തിലെ നാല് വനിതകളാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹാ ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി, റീം ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി, ലാനാ ബിൻത് അബ്ദുൽഅസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി, ലമീസ് ബിൻത് അബ്ദുൽഅസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി എന്നിവരാണ് മരിച്ചത്. സുൽഫിയിലെ ഇമാം ഫൈസൽ ബിൻ തുർക്കി ജുമാമസ്ജിദിൽ വെച്ച് ഇന്നലെ രാത്രി ഇശാ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി മൃതദേഹങ്ങൾ സുൽഫിയിൽ ഖബറടക്കി.



