റാസൽഖൈമ വാഹനാപകടം: മരിച്ച 13 പേരിൽ തലശ്ശേരി സ്വദേശിനിയും

റാസൽഖൈമ: യു.എ.ഇയിലെ റാസൽഖൈമയിൽ ബസ് ട്രക്കിലിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച 13 പേരിൽ തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷിനെ (26) ബന്ധുക്കൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഇന്ത്യക്കാരുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിസ മാറ്റത്തിനായി ഒമാനിലെത്തി തിരികെ യു.എ.ഇയിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ദുബൈ, അജ്മാൻ, ഷാർജ ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ളവരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. റാസൽഖൈമ ദക്ഷിണ മേഖലയിലെ മസാഫി-ശൗക്ക-കദ്റ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അൽവതൻ റോഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ്, തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 11 പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 13 ആയി ഉയർന്നത്.

അപകടത്തിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമായതിൽ ദുബൈ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നതിനായി പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന 800-46342 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറും കോൺസുലേറ്റ് പങ്കുവെച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായും, അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും റാസൽഖൈമ പോലീസ് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles