ന്യൂഡൽഹി: കാശ്മീർ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇന്ന് ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിനു ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച കാശ്മീരിലെ അനന്ത് നഗറിലെത്തും. ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നാളെ മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27ലേക്ക് മാറ്റി.
ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ യോഗം പ്രമേയം പാസാക്കി
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭീകരവാദ വിരുദ്ധ നടപടികൾക്ക് പൂർണ പിന്തുണയും യോഗം പ്രഖ്യാപിച്ചു. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.



