കൊച്ചി : കലൂരിൽ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായറാഴ്ച രാവിലെ പഴയ മാർക്കറ്റ്
റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു സംഭവം. ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയെയും കുഞ്ഞിനെയും
പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണ്. യുവതി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
ആറു പേർ താമസിക്കുന്ന റൂമിലാണ് ഇവർ കഴിഞ്ഞിരുന്നത്. യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ, കൂടെയുണ്ടായിരുന്നവർ വാതിൽ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോൾ കയ്യിൽ നവജാതശിശുവിനെയും പിടിച്ചു നിൽക്കുന്ന യുവതിയെയാണ് കണ്ടത്.



