ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനം ചാവേർ ആക്രമണമായിരുന്നു എന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൻ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുത്തു. സ്ഫോടനത്തിന് പിന്നിൽ ഫരീദാബാദിൽ അറസ്റ്റിലായ ഭീകരസംഘത്തിൽപ്പെട്ട ഡോക്ടർമാരുടെ സംഘാംഗങ്ങളാണെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
ചാവേർ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ മൃതദേഹം തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മറ്റ് ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഉമർ പരിഭ്രാന്തനാകുകയും ആക്രമണം ആസൂത്രണം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



