നടി ആക്രമിക്കപ്പെട്ട കേസ്: വിധി ചോർന്നതിൽ ആശങ്ക; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അസോസിയേഷൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങൾ വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ ചോർന്നതായി സംശയം. വിധി പ്രസ്താവനയ്ക്ക് മുൻപ് തന്നെ ലഭിച്ച ഈ വിവരങ്ങൾ അടങ്ങിയ ഒരു ഊമക്കത്ത് ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ സ്ഥിരീകരിച്ചു.

നീതിന്യായ നടപടികളുടെ അതീവ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്ന് സംശയം ഉയർന്നതോടെ അസോസിയേഷൻ ഈ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി. ഡിസംബർ 8 ന് വിധി പ്രസ്താവിച്ച കേസിൽ, ഊമക്കത്തിൽ സൂചിപ്പിച്ചതുപോലെ എട്ടാം പ്രതിയായ ഗോപാലകൃഷ്ണൻ എന്ന ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനൽകുമാർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും മറ്റ് ആറു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു.

സംഭവം ജുഡീഷ്യറിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതുമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി വ്യക്തമാക്കി. വിവരങ്ങൾ എങ്ങനെ ചോർന്നു എന്നും കത്തിന്റെ ഉറവിടം കണ്ടെത്താനും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ ആറുപ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു, ഇവരുടെ ശിക്ഷ സംബന്ധിച്ച വാദം വെള്ളിയാഴ്ച നടക്കും.

 

Related Articles

- Advertisement -spot_img

Latest Articles