കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്തിൽ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർഥിക്ക് പറ്റിയ ഒരു ചെറിയ പിഴവാണ് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്റെ കൈകളിലെത്തിച്ചത്. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതുക്കൽ ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറന്നതോടെ അദ്ദേഹത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ഇരുമുന്നണികൾക്കും തുല്യ വോട്ട് ലഭിക്കുകയും തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ ടി.വി. രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
21 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് 12 ഉം എൽ.ഡി.എഫിന് 11 ഉം അംഗങ്ങളാണുള്ളത്. ഭൂരിപക്ഷമുണ്ടായിട്ടും സ്ഥാനാർഥിയുടെ അശ്രദ്ധ കാരണം അധികാരം നഷ്ടപ്പെട്ടത് യു.ഡി.എഫ് കേന്ദ്രങ്ങളെ കടുത്ത നിരാശയിലാക്കി. ജനപ്രാതിനിധ്യ നിയമപ്രകാരം ഇനി ആറുമാസത്തിന് ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ മാത്രമേ യു.ഡി.എഫിന് അധികാരം തിരിച്ചുപിടിക്കാൻ സാധിക്കൂ. അപ്രതീക്ഷിതമായി ഭരണം ലഭിച്ച ആവേശത്തിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. ഉദുമയിലെ ഈ നാടകീയമായ വോട്ടെടുപ്പ് ഫലം ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.



