ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ യു.ഡി.എഫ് കൺവീനറും കോൺഗ്രസ് എം.പിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിനും മറ്റ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതിനും പിന്നാലെയാണ് പോലീസ് നടപടി. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ ഹാജരായ അദ്ദേഹത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രതിയുമായി ചേർന്ന് നടത്തിയ ഡൽഹി യാത്രകളെക്കുറിച്ചും ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, തനിക്കെതിരെയുള്ള നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടറായതിനാലുള്ള പരിചയം മാത്രമാണ് ഉള്ളതെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ ഏഴ് പാളികളിലെ സ്വർണ്ണവും പ്രഭാമണ്ഡലത്തിലെ ഭാഗങ്ങളും കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് എം.പിയെ ചോദ്യം ചെയ്യുന്നത്. കേസിൽ ഇതിനോടകം തന്നെ നിരവധി പേർ അറസ്റ്റിലാവുകയും മുൻ ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം നീളുകയും ചെയ്തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles