നെടുമ്പറമ്പിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ആന്റോ ആന്റണി എം.പിക്കെതിരെ ഗുരുതര ആരോപണവുമായി ഉടമ

പത്തനംതിട്ട: നിക്ഷേപകരെ കബളിപ്പിച്ച കേസിൽ പ്രതിയായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജു, പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി രംഗത്ത്. ആന്റോ ആന്റണി തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ ഈ പണം തിരികെ നൽകാൻ തയ്യാറാകുന്നില്ലെന്നുമാണ് രാജു വെളിപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയിലെ ഒരു പ്രമുഖ യു.ഡി.എഫ് നേതാവ് വഴിയാണ് പണം കൈമാറിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ റിമാൻഡിലുള്ള രാജുവിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തന്റെ പക്കൽ നിന്നും പണം വാങ്ങിയ മറ്റ് പ്രമുഖരുടെ പേരുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും രാജു പറഞ്ഞു. പണം തിരികെ ലഭിക്കാത്തതാണ് നിക്ഷേപകർക്ക് തുക മടക്കി നൽകുന്നതിന് തടസ്സമായതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ രാജുവിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും താൻ പണം വാങ്ങിയിട്ടില്ലെന്നും ആന്റോ ആന്റണി എം.പി പ്രതികരിച്ചു. അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ തുകയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന കേസിൽ ഉന്നത രാഷ്ട്രീയ നേതാവിന്റെ പേര് ഉയർന്നുവന്നത് ജില്ലയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles