അൽ അഹ്സ: അൽ അഹ്സ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ (ഹിഫ) 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൽ അഹ്സ ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവിയും ഹിഫ രക്ഷാധികാരി അംഗവുമായ നാസർ മദനി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആദിൽ പുതിയങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ, സെക്രട്ടറി ഗഫൂർ വറ്റല്ലൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ നൗഷാദ് താനൂർ വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു. “ഹിഫയും അൽ അഹ്സ മലയാളി സമൂഹവും” എന്ന വിഷയത്തെ ആസ്പദമാക്കി നവോദയ കേന്ദ്ര പ്രസിഡന്റും ഹിഫ രക്ഷാധികാരിയുമായ ഹനീഫ മൂവാറ്റുപുഴ വിശദമായ പ്രഭാഷണം നടത്തി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലാം സിൽക്ക് സിറ്റി ചടങ്ങിന് ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികളായി ഷിബു അസാദിനെ പ്രസിഡന്റായും ശിഹാബ് കോട്ടക്കലിനെ ജനറൽ സെക്രട്ടറിയായും ഷുഹൈബ് പൂച്ചേങ്ങരയെ ട്രഷററായും തിരഞ്ഞെടുത്തു. മുസ്താഖ് പറമ്പിൽപീടിക, ഷകീർ സോക്കാർ (വൈസ് പ്രസിഡന്റുമാർ), അഖിൽ മുഹമ്മദ്, മുജീബ് ചേനാരി (ജോയിന്റ് സെക്രട്ടറിമാർ), നൗഷാദ് താനൂർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ.
അഷ്‌റഫ് ഗസാൽ (കെ.എം.സി.സി), പ്രമോദ് കേളോത് (നവോദയ), നിസാം കാരശ്ശേരി, അനസ് മാള (പി.എഫ്.സി), ഷുഹൈബ് (എ.എഫ്.സി), സിറാജ് (സൽമാനിയ എഫ്.സി), അലക്സ് ആന്റണി (മെഡിക്കെയർ എഫ്.സി), അഹമ്മദ് ഷാ (പി.എഫ്.സി), സുബൈർ (എം.യു.എഫ്.സി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ ട്രഷറർ ഷുഹൈബ് പൂച്ചേങ്ങര ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



