“ഇത് പാർട്ടികളുടെ പോരല്ല, ഇന്ത്യയുടെ പോരാട്ടം”; തൃണമൂലിന്റെ പതനത്തിൽ ചിരിക്കുന്നവർക്ക് രാഹുലിന്റെ താക്കീത്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസിനുള്ളിലെ ചിലരും മറ്റ് നേതാക്കളും സന്തോഷം പ്രകടിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി രാഹുല്‍ ഗാന്ധി. ഇത് കേവലം രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും മറിച്ച് രാജ്യത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി. ബംഗാളിലെയും അസമിലെയും ജനവിധി ബി.ജെ.പി മോഷ്ടിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണെന്നും നിസ്സാര രാഷ്ട്രീയം മാറ്റിവെച്ച് രാജ്യത്തിന് വേണ്ടി ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ നൂറിലധികം സീറ്റുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന മമത ബാനര്‍ജിയുടെ ആരോപണത്തോട് രാഹുല്‍ ഗാന്ധി യോജിക്കുകയും ചെയ്തു.

ഇന്ത്യ സഖ്യത്തിനുള്ളിലെ ഇത്തരം ആഹ്ലാദ പ്രകടനങ്ങളെ പ്രിയങ്ക ചതുര്‍വേദിയും രൂക്ഷമായി വിമര്‍ശിച്ചു. ടി.എം.സിയുടെയും ഡി.എം.കെയുടെയും പരാജയത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നുണ്ടാകുന്ന ഇത്തരം നിലപാടുകള്‍ ലജ്ജാകരമാണെന്നും സഖ്യത്തിലെ വിഭജനങ്ങളാണ് ബി.ജെ.പി ചൂഷണം ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ ഇത്തവണ രണ്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നെങ്കിലും മമത ബാനര്‍ജിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുകയായിരുന്നു. 294 അംഗ നിയമസഭയില്‍ 206 സീറ്റുകള്‍ നേടിയ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേവലം 80 സീറ്റുകളിലേക്ക് ചുരുങ്ങി. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും തൂത്തെറിയപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles