ദുബായ്/തെഹ്‌റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെ ആണിക്കല്ലായ ഹോർമുസ് കടലിടുക്കിന്മേൽ തങ്ങൾക്കുള്ള ആധിപത്യം ഊട്ടിയുറപ്പിച്ചുകൊണ്ട് ഇറാൻ പുതിയ ഭൂപടം പുറത്തുവിട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ തീരപ്രദേശങ്ങൾ കൂടി ഉൾപ്പെടുന്ന വിധത്തിലാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഈ പുതിയ നിയന്ത്രണരേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ വ്യാപാരത്തിന്റെ കാൽഭാഗത്തോളം കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയുടെ നിയന്ത്രണം കൈവിടാൻ ഇറാൻ തയ്യാറല്ലെന്ന് പുതിയ നീക്കം വ്യക്തമാക്കുന്നു.
കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ അകമ്പടിയോടെ പുറത്തെത്തിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “പ്രോജക്ട് ഫ്രീഡം” പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണം. ഫെബ്രുവരി 28 മുതൽ തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഹോർമുസിന് പുറത്തുള്ള യുഎഇയുടെ പ്രധാന എണ്ണ കേന്ദ്രമായ ഫുജൈറയിൽ കഴിഞ്ഞ ദിവസം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നിൽ ഇറാനാണെന്ന് യുഎഇ ആരോപിച്ചു.
വാഷിംഗ്ടണുമായി നടത്തുന്ന ചർച്ചകളിൽ സമ്മർദ്ദ തന്ത്രമായി ഹോർമുസ് കടലിടുക്കിനെ ഉപയോഗിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. കടലിടുക്കിലെ പുതിയ നിയമപരിഷ്കാരങ്ങളും മാനേജ്‌മെന്റും മേഖലയിലെ മറ്റ് രാഷ്ട്രങ്ങൾക്കും ഗുണകരമാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി അവകാശപ്പെട്ടു. എന്നാൽ അമേരിക്കൻ ഉപരോധത്തെ മറികടക്കാൻ ഇത്തരം പ്രകോപനങ്ങൾ ഇറാന് തന്നെ തിരിച്ചടിയാകുമെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാമെന്ന ഭീതിയും ഉയർത്തുന്നുണ്ട്.



