ടെഹ്റാൻ: ഒരു മാസത്തെ താൽക്കാലിക വെടിനിർത്തലിന് വിരാമമിട്ട് ഹുർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ഡ്രോൺ ആക്രമണം. വ്യാഴാഴ്ചയുണ്ടായ പ്രകോപനത്തെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും, സമാധാന ചർച്ചകൾ മുടങ്ങിയിട്ടില്ലെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും നിലവിലുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിന് സമീപം ഖ്വെഷം ദ്വീപിന് അടുത്ത് വെച്ച് തങ്ങളുടെ എണ്ണക്കപ്പലുകളെ അമേരിക്ക ലക്ഷ്യം വെച്ചതായും വ്യോമാക്രമണം നടത്തിയതായും ഇറാൻ സൈന്യം ആരോപിച്ചു. ഇതിന് തിരിച്ചടിയായി യുഎസ് പടക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇറാനിയൻ ഡ്രോണുകൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും തങ്ങളുടെ ആസ്തികൾക്കോ കപ്പലുകൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
തങ്ങളെ പ്രകോപിപ്പിച്ചതിന് ഇറാനെ തകർത്തു എന്നായിരുന്നു സംഭവത്തോടുള്ള ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ ഇതിനിടയിലും ഇറാനുമായുള്ള സമാധാന ചർച്ചകൾ ശുഭകരമായി മുന്നോട്ട് പോകുകയാണെന്നും ഏത് നിമിഷവും ചരിത്രപരമായ ഒരു കരാർ ഉണ്ടായേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന അമേരിക്കയുടെ പ്രധാന ആവശ്യം അവർ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു. നിലവിൽ അമേരിക്ക മുന്നോട്ട് വെച്ചിട്ടുള്ള 14 ഇന ധാരണാപത്രം ഇറാൻ ഗൗരവമായി പരിശോധിച്ചു വരികയാണ്. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയുകയാണെങ്കിൽ, അവർക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ചിട്ടുള്ള ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയ്യാറായേക്കും.
മേഖലയിലെ സമാധാന ശ്രമങ്ങളിൽ പാകിസ്താൻ നിർണ്ണായകമായ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക് വിദേശകാര്യ മന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയതായും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പാകിസ്താൻ പ്രത്യാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ചൈനയും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം തന്നെ ഇറാൻ പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു. സംഘർഷങ്ങൾക്കിടയിലും ഈ ആഴ്ച തന്നെ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുമെന്നാണ് വിവരം. ആഗോള എണ്ണ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും സാരമായി ബാധിക്കുന്ന ഹുർമുസിലെ സംഘർഷത്തിന് ഈ ചർച്ചകളിലൂടെ ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.



