തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് നീക്കങ്ങൾ അതീവ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നീ പ്രമുഖ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രശ്നപരിഹാരത്തിനായി പുതിയ രാഷ്ട്രീയ ഫോർമുലകൾ തേടുകയാണ് പാർട്ടി നേതൃത്വം.
ആകെ തിരഞ്ഞെടുക്കപ്പെട്ട 63 എം.എൽ.എമാരിൽ 47 പേരുടെ പിന്തുണ കെ.സി വേണുഗോപാലിനുണ്ടെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ, തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന വാദത്തിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുന്നു. എന്നാൽ, തനിക്ക് ലഭിക്കുന്ന വലിയ തോതിലുള്ള അണികളുടെയും പൊതുജനങ്ങളുടെയും പിന്തുണയും സംസ്ഥാനത്തുടനീളം തനിക്കായി നടക്കുന്ന പ്രകടനങ്ങളുമാണ് വി.ഡി സതീശന്റെ അവകാശവാദം. ഈ മൂന്ന് സാഹചര്യങ്ങളും പരിശോധിച്ച എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖർഗെക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമാണെന്നും ഒറ്റപ്പേരിലേക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി ഡൽഹിയിൽ ഇല്ലാത്തതിനാൽ റിപ്പോർട്ടിലെ തീരുമാനം വൈകിയെങ്കിലും, നിർണ്ണായക ചർച്ചകൾക്കായി രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ ഇന്നലെ രാത്രി തന്നെ ഡൽഹിയിലെത്തി. കെ.സി വേണുഗോപാൽ നിലവിൽ അവിടെത്തന്നെയുണ്ട്. ഇന്ന് രാവിലെ ഹൈക്കമാൻഡ് നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പദവിക്ക് പുറമെ ഉപമുഖ്യമന്ത്രി സ്ഥാനം, പ്രധാന വകുപ്പുകൾ എന്നിവ വീതംവെച്ചുകൊണ്ടുള്ള സമവായ നീക്കങ്ങളാണ് ഇപ്പോൾ ഹൈക്കമാൻഡ് തലത്തിൽ നടക്കുന്നത്. തർക്കങ്ങൾ പരിഹരിച്ച് ഞായറാഴ്ചയോടെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.



