തൃശൂർ: കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാക്കാൻ ലക്ഷ്യമിട്ട് വാടാനപ്പള്ളിയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് പിന്നിൽ സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു. വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ബോർഡ് സ്ഥാപിച്ച സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ ഗൂഢാലോചന പുറത്തായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ സ്ഥാപിച്ച ബോർഡിൽ “കെ.സി നയിക്കട്ടെ” എന്നും “സേവ് കോൺഗ്രസ്” എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച ഈ നീക്കത്തിന് പിന്നിൽ വിള്ളലുണ്ടാക്കാൻ ആരോ മനഃപൂർവം ചെയ്ത പണിയാണെന്ന സംശയത്തെ തുടർന്നാണ് പ്രവർത്തകർ സി.സി.ടി.വി പരിശോധിച്ചത്.
തലയിൽ വലിയൊരു ഫ്ലക്സ് ബോർഡുമായി മുഹമ്മദ് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഇയാൾ സജീവ സി.പി.എം പ്രവർത്തകൻ മാത്രമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി. രവീന്ദ്രനാഥിനായി സ്വന്തം വാഹനത്തിൽ ചിത്രം പതിപ്പിച്ച് പ്രചാരണം നടത്തിയ വ്യക്തി കൂടിയാണ്. മുഹമ്മദിന്റെ ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടലങ്ങാടി ബ്ലോക്ക് മെമ്പറുമാണ്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട കുടുംബത്തിൽ നിന്നുള്ള അംഗം തന്നെ ഇത്തരം നീക്കങ്ങളിൽ പങ്കാളിയായത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കോൺഗ്രസ്, വാടാനപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ചേരിതിരിവുണ്ടാക്കാനും തമ്മിലടിപ്പിക്കാനുമുള്ള സി.പി.എമ്മിന്റെ ‘സേവ് കോൺഗ്രസ്’ തന്ത്രം ഇതോടെ പരാജയപ്പെട്ടുവെന്ന് പാർട്ടി നേതൃത്വം പരിഹസിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സി.പി.എമ്മിന്റെ ഈ ‘ഫ്ലക്സ് രാഷ്ട്രീയം’ വലിയ ചർച്ചയാവുകയാണ്.



