തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തിരുവനന്തപുരം കഴക്കൂട്ടം സി.പി.എമ്മിൽ വിഭാഗീയത തെരുവിലേക്ക്. മുൻ മന്ത്രിയും മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ കുളത്തൂർ ജംഗ്ഷനിൽ പ്രത്യക്ഷപ്പെട്ട പ്രതിഷേധ ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നത്. ‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ’ എന്ന ശീർഷകത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളിൽ, “നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ” എന്ന വൈകാരികമായ ആഹ്വാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രന്റെ ചിത്രത്തിനൊപ്പം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഏരിയ കമ്മിറ്റി അംഗവുമായ ശ്യാം മോഹന്റെ ചിത്രവും ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമാണെന്നതിന്റെ സൂചനയാണ് നൽകുന്നത്.
തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ പാർട്ടി യൂണിറ്റുകൾക്കിടയിൽ നിലനിൽക്കുന്ന കടുത്ത അമർഷമാണ് ഈ പരസ്യ പ്രതിഷേധത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കോട്ടകളായിരുന്ന കുളത്തൂർ, ആറ്റിപ്ര വാർഡുകളിൽ സി.പി.എം കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിയാത്തത് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ, നേരത്തെ പാർട്ടി വിട്ടുപോയ ചിലരെ വീണ്ടും തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഏരിയ കമ്മിറ്റിയിലും പ്രാദേശിക ഘടകങ്ങളിലും നിലനിന്നിരുന്ന ഭിന്നതയാണ് ഇപ്പോൾ പരസ്യമായ പോരിലേക്ക് എത്തിയിരിക്കുന്നത്.
‘കുളത്തൂർ സഖാക്കൾ’ എന്ന പേരിലാണ് ഈ ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ചില നേതാക്കളുടെ നിലപാടുകൾക്കെതിരെയുള്ള താക്കീതാണ് ഈ പ്രതിഷേധമെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിലെ ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായി തെരുവിലേക്ക് വരുന്നത് സി.പി.എം ജില്ലാ നേതൃത്വത്തെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.



