റിയാദ് : കേളി കുടുംബവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ജ്വാല അവാർഡ് 2026” മെയ് 15, 2026 വെള്ളിയാഴ്ച വിതരണം ചെയ്യും. ഓരോ വർഷവും ലോക വനിതാദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ അസാധാരണ സംഭാവനകൾ നൽകിയ വനിതകളെ കണ്ടെത്തി ആദരിക്കുന്ന “ജ്വാല അവാർഡ്” ഈ വർഷം വ്യത്യസ്തമായ ആശയവുമായാണ് സംഘടിപ്പിക്കുന്നത്. സമൂഹത്തിനും മനുഷ്യജീവിതത്തിനും നിർണായക സംഭാവനകൾ നൽകുന്ന നഴ്സിംഗ് സമൂഹത്തോടുള്ള ആദരസൂചകമായി, ഇത്തവണ റിയാദിലെ നൂറിലധികം നഴ്സുമാരെ തെരഞ്ഞെടുത്ത് “ജ്വാല 2026” അവാർഡ് നൈറ്റിൽ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദമ്മാം നവോദയ കുടുംബവേദി ട്രഷറർ അനു രാജേഷ് ജ്വാല അവാർഡ് 2026 ഉദ്ഘാടനം ചെയ്യും. കുട്ടികളുടെയും യുവജനങ്ങളുടെയും സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജ്വാല 2026 ന്റെ ഭാഗമായി മെഗാ ഡ്രോയിങ്-പെയിന്റിങ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കാളിത്തത്തിനായി ലഭിച്ച വലിയ പ്രതികരണത്തെ തുടർന്ന് പരിപാടികൾ രണ്ട് ദിവസങ്ങളിലായി നടത്താൻ സംഘാടക സമിതി തീരുമാനമെടുത്തിട്ടുണ്ട്.
മേയ് 14-ന് അൽ വഫ ഷോല മാളിന്റെ പിന്തുണയോടെ മെഗാ ഡ്രോയിങ്-പെയിന്റിങ് മത്സരം നടക്കും. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് അൽ വഫയുടെ സ്പോൺസർഷിപ്പിൽ ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും നൽകും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. തുടർന്ന് മേയ് 15 വെള്ളിയാഴ്ച “ജ്വാല 2026” അവാർഡ് നൈറ്റ് മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാളിൽ വിപുലമായി നടക്കും. അവാർഡ് വിതരണച്ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സംഗീതം, നൃത്തം, വിവിധ കലാപ്രകടനങ്ങൾ എന്നിവ ആഘോഷ രാവിനെ കൂടുതൽ ശ്രദ്ധേയവും ആകർഷകവുമാക്കും.
സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക പങ്കാളിത്തവും ഒരുമിപ്പിക്കുന്ന ജ്വാല 2026നെ പ്രവാസി മലയാളി സമൂഹത്തിന്റെ ശ്രദ്ധേയമായ ആഘോഷങ്ങളിലൊന്നാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ സംഘാടക സമിതി പൂർത്തിയാക്കികഴിഞ്ഞു. പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൺവീനർ ദീപ രാജൻ, ജോയിന്റ് കൺവീനർമാർ സോവിന എൻ.കെ, രജീഷ നിസാം, ചെയർപേഴ്സൺ സജീന വി.എസ്, വൈസ് ചെയർപേഴ്സൺമാ അനിത ലീലാമണി, ലക്ഷ്മി സുനിൽ, സാമ്പത്തികം ഗീതാ ജയരാജ്.
വാർത്ത സമ്മേളനത്തിൽ കേളി കുടുംബവേദി ഭാരവാഹികളായ ശ്രീഷ സുകേഷ് (പ്രസിഡന്റ്), ഷഹീബ വി.കെ. (സെക്രട്ടറി), സീന സെബിൻ (ട്രഷറർ), സജീന വി.എസ്. (സംഘാടക സമിതി ചെയർപേഴ്സൺ), ഗീത ജയരാജ് (സാമ്പത്തിക കൺവീനർ), വിജില ബിജു (ചിത്രരചന കൺവീനർ) എന്നിവർ പങ്കെടുത്തു.



