കൽപറ്റ : വയനാട് പുത്തുമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരിയായ ജെസ്സി (45) ദാരുണമായി കൊല്ലപ്പെട്ടു. മേപ്പാടി – ചൂരൽമല റൂട്ടിൽ കള്ളാടി ഭാഗത്തുവെച്ച് ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭർത്താവ് ഷാജിക്കൊപ്പം ജോലിസ്ഥലത്തേക്ക് സ്കൂട്ടറിൽ പോകവെയാണ് ദമ്പതികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായത്. സ്കൂട്ടറിന് പിന്നാലെ പാഞ്ഞെത്തിയ ആനകളിൽ ഒരെണ്ണം ജെസ്സിയെ പിടികൂടുകയായിരുന്നു. ആക്രമണത്തിൽ ഭർത്താവ് ഷാജിക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ലെങ്കിലും അദ്ദേഹം കടുത്ത മാനസിക ആഘാതത്തിലാണ്. മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഷാജി.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, റോഡിലൂടെ വരികയായിരുന്ന ദമ്പതികൾ ആനകളെ കണ്ടയുടൻ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാടുകയറിയ റോഡുകളും യാത്രാദുരിതം വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പുത്തുമല, തൊള്ളായിരംകണ്ടി, കള്ളാടി തുടങ്ങിയ ഭാഗങ്ങളിൽ ആനകൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുന്നത് നിത്യസംഭവമാണെന്നും, ഇത്തരത്തിൽ ദാരുണമായ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ശാശ്വതമായ പരിഹാരമാണ് അടിയന്തരമായി വേണ്ടതെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രളയത്തെയും ഉരുൾപൊട്ടലിനെയും അതിജീവിച്ച ഈ കുടുംബത്തിന്റെ വലിയൊരു നഷ്ടമാണ് ജെസ്സിയുടെ വിയോഗം. ഭയമില്ലാതെ ജീവിക്കാൻ സാധിക്കുന്ന സാഹചര്യം ഒരുക്കണമെന്നും അധികൃതരുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.



