പിണറായി വിജയനും എം.വി. ഗോവിന്ദനും സ്ഥാനങ്ങളിൽ തുടരുമെന്ന് എം.എ. ബേബി

ന്യൂഡൽഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം പോളിറ്റ് ബ്യൂറോ അംഗീകരിച്ചതാണെന്നും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്നും സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. സമാനമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്ഥാനചലനമുണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. നേതാക്കളെ മാറ്റുകയല്ല, മറിച്ച് പ്രവർത്തന ശൈലിയിലെ അപാകതകൾ തിരുത്തുക എന്നതാണ് പാർട്ടിയുടെ രീതിയെന്ന് എ.കെ.ജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.എ. ബേബി പറഞ്ഞു. നേതൃമാറ്റത്തിനായി പാർട്ടിയിൽ ആവശ്യമുയരുന്നുവെന്ന തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം പാർട്ടി ഗൗരവമായാണ് കാണുന്നതെന്ന് വ്യക്തമാക്കിയ എം.എ. ബേബി, പരാജയ കാരണങ്ങൾ വിലയിരുത്താൻ പോളിറ്റ് ബ്യൂറോ പ്രതിനിധികൾ കേരളത്തിലെത്തുമെന്ന് അറിയിച്ചു. ജൂലൈയിൽ പ്രത്യേക കേന്ദ്ര കമ്മിറ്റി ചേർന്ന് വിഷയത്തിൽ വിശദമായ അവലോകനം നടത്തും. സംസ്ഥാന കമ്മിറ്റി ശേഖരിച്ച അഭിപ്രായങ്ങൾ ജൂൺ അഞ്ച് മുതൽ എട്ടു വരെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ചർച്ച ചെയ്യും. പാർട്ടിയുടെ ദൗർബല്യങ്ങൾ കണ്ടെത്തി വിശ്വാസത്തിലെടുത്ത് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി പറഞ്ഞു. പിണറായി വിജയന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, തീരുമാനം അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ അത് ഏകകണ്ഠമായിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Articles

- Advertisement -spot_img

Latest Articles