ജിദ്ദ: ഹാജിമാർക്ക് ആശ്വാസവും സഹായവും നൽകാനായി ഐ.സി.എഫ് – ആർ.എസ്.സി സംയുക്ത നേതൃത്വത്തിൽ ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനങ്ങൾ സജീവമാക്കി. സേവനത്തിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പ്രത്യേക അസംബ്ലിയും ‘മിന പഠന’ ക്യാമ്പും ജിദ്ദയിൽ സംഘടിപ്പിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മുസ്ല്യാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഹ്സിൻ സഖാഫി ‘മിന പഠനം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഹജ്ജ് വേളയിൽ വളണ്ടിയർമാർ പാലിക്കേണ്ട പ്രായോഗിക നിർദ്ദേശങ്ങളെക്കുറിച്ച് സാദിഖ് ചാലിയാർ വിശദീകരിക്കുകയും മുജീബ് എ.ആർ നഗർ സംസാരിക്കുകയും ചെയ്തു.
ആദ്യ ഹാജി എത്തിയത് മുതൽ കർമ്മനിരതരായ ഐ.സി.എഫ് – ആർ.എസ്.സി വളണ്ടിയർമാർ, ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന വരും ദിവസങ്ങളിൽ സേവനം കൂടുതൽ വിപുലീകരിക്കും. അറഫ, മിന, മുസ്ദലിഫ എന്നീ പ്രധാന സ്ഥലങ്ങൾക്കപ്പുറം മെട്രോ റെയിൽവേ സ്റ്റേഷനുകളിലും അസീസിയ തുടങ്ങിയ കേന്ദ്രങ്ങളിലും വളണ്ടിയർമാരുടെ സേവനം ലഭ്യമാകും. തീർത്ഥാടകർക്ക് പൂർണ്ണമായ പിന്തുണയും സാന്ത്വനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ വളണ്ടിയർ കോർ സജ്ജമായിരിക്കുന്നത്.
ഈ വർഷത്തെ ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ലബ്ബൈക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. എഛ്‌വിസി ഹെൽപ്പ് ഡെസ്കുകളിൽ നിന്നും കൂടുതൽ സേവനങ്ങൾ ലഭ്യമാണ്.



