കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ വൻ നാശനഷ്ടം വിതച്ചുകൊണ്ട് മിനിറ്റുകളുടെ വ്യത്യാസത്തിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. പ്രാദേശിക സമയം ബുധനാഴ്ച വൈകുന്നേരമാണ് രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ഇരട്ട ഭൂചലനമുണ്ടായത്. യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 7.2 തീവ്രതയും, തൊട്ടുപിന്നാലെ വെറും 39 സെക്കൻഡുകൾക്ക് ശേഷം ഉണ്ടായ രണ്ടാമത്തെ പ്രകമ്പനം 7.5 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ വെനിസ്വേലയിലെ യാരാകുയ് സംസ്ഥാനത്താണ് ഇരു ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
ഭൂചലനത്തിന്റെ ഫലമായി വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വൻതോതിൽ കെട്ടിടങ്ങൾ തകർന്നു വീണു. നഗരത്തിലെ പ്രമുഖ ജനവാസ മേഖലകളായ അൽതാമിറ, ലോസ് പാലോസ് ഗ്രാൻഡെസ് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൽതാമിറയിൽ ഇരുപത്തിരണ്ട് നിലകളുള്ള വമ്പൻ സമുച്ചയമുൾപ്പെടെ പൂർണ്ണമായി തകർന്നടിഞ്ഞു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തത്തെത്തുടർന്ന് വെനിസ്വേലയിൽ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത നാശനഷ്ടമുണ്ടായതിനെ തുടർന്ന് കാരക്കാസിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളീവർ എയർപോർട്ട് താൽക്കാലികമായി അടച്ചിടുകയും രാജ്യത്തുടനീളമുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കാരക്കാസിലെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും ടെലിഫോൺ-ഇന്റർനെറ്റ് ശൃംഖലകളും പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നഗരത്തിലേക്കുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കബെല്ലോ അറിയിച്ചു. തകർന്നടിഞ്ഞ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് കരീബിയൻ കടലിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. മരണസംഖ്യ പതിനായിരക്കണക്കിന് ഉയർന്നേക്കാമെന്നാണ് യു.എസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തൽ.



