കളമശ്ശേരി: 80-കാരനായ പ്രകാശൻ ചേട്ടന്റെ 70 വർഷത്തോളം പഴക്കമുള്ള സൈക്കിൾ മോഷണം പോയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, അത് തിരികെ നൽകുക ആണെങ്കിൽ 5 ലക്ഷം രൂപയും ജോലിയും വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂർ രംഗത്തെത്തി.
പ്രകാശൻ ചേട്ടന്റെ പത്താം വയസ്സിൽ അച്ഛൻ നൽകിയ ഓർമ്മച്ചിഹ്നമായ സൈക്കിൾ, കുടുംബപരമായും വൈകാരികമായും ഏറെ മൂല്യമുള്ള ഒന്നായിരുന്നു. ഇത് വിവരിച്ചുള്ള പത്രവാർത്ത കണ്ടപ്പോൾ ഉണ്ടായ വിഷമത്തെ തുടർന്നാണ് സൈക്കിൾ തിരികെ നൽകിയാൽ വലിയ തുക ഇനാമായി നൽകാൻ തീരുമാനിച്ചതെന്ന് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
പാരമ്പര്യമായി കൈമാറിവരുന്ന വസ്തുക്കളുടെയും വികാരങ്ങളുടെയും മൂല്യം പണം കൊണ്ട് അളക്കാൻ കഴിയില്ലെന്നും, പ്രകാശൻ ചേട്ടന്റെ സന്തോഷമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഷ്ടാവ് മാനസാന്തരപ്പെട്ട് സൈക്കിൾ തിരികെ എത്തിച്ചാൽ അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ മാന്യമായി ജീവിക്കാൻ നല്ലൊരു ജോലിയും നൽകുമെന്ന് അദ്ദേഹം തന്റെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് നേരിട്ടെത്തി സൈക്കിൾ ഏൽപ്പിച്ചാൽ പണം കൈമാറുമെന്നും വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകുന്നു.
സാമൂഹിക-ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി ഇടപെടാറുള്ള ബോബി ചെമ്മണ്ണൂർ, പാവപ്പെട്ടവർക്ക് ധനസഹായം നൽകൽ, നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സയും അടിയന്തിര സാമ്പത്തിക സഹായവും ലഭ്യമാക്കൽ, പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് പുനരധിവാസ സഹായങ്ങൾ എത്തിക്കൽ തുടങ്ങിയ നിരവധി വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുമ്പും നേതൃത്വം നൽകിയിട്ടുണ്ട്.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആവശ്യമായ 34 കോടിയോളം രൂപയുടെ ദയാധനം സമാഹരിക്കുന്നതിനായി കേരളത്തിലുടനീളം ‘യാചന യാത്ര’ നടത്തി തുക സമാഹരണത്തിന് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ പ്രമുഖ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ്.



