ജിസാൻ: സൗദി അറേബ്യയിലുണ്ടായ റോഡപകടത്തിൽ 87 ശതമാനം സ്ഥിരവൈകല്യം സംഭവിച്ച പ്രവാസി ഇന്ത്യൻ നഴ്സ് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നു. ബാങ്ക് വായ്പയുടെ കുടിശ്ശികയെ തുടർന്ന് അധികൃതർ ഏർപ്പെടുത്തിയ യാത്രാവിലക്കാണ് തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലുള്ള ഗുഗുലോതു സുനിത (36) എന്ന യുവതിക്ക് വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് മടങ്ങാൻ തടസ്സമായത്. 2024 സെപ്റ്റംബറിൽ സൗദിയിലെത്തിയ സുനിത, അസീർ ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള കിംഗ് അബ്ദുള്ള ആശുപത്രിയിലെ ഐ.സി.യുവിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2025 ഏപ്രിൽ 23-നുണ്ടായ ഗുരുതര അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും നെഞ്ചിനും മാരകമായി പരിക്കേറ്റതിനെ തുടർന്ന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയയായെങ്കിലും ജോലി തുടരാനാകാത്തവിധം ശാരീരിക വൈകല്യം സംഭവിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി വശളായതിനെ തുടർന്ന് സൗദി ആരോഗ്യ മന്ത്രാലയം സുനിതയുടെ ജോലി അവസാനിപ്പിക്കുകയും 2025 നവംബർ മുതൽ ശമ്പളം പൂർണ്ണമായും മുടങ്ങുകയും ചെയ്തു. അപകടത്തിന് മുൻപ് അൽ രാജ്ഹി ബാങ്കിൽ നിന്ന് എടുത്ത 1,48,000 സൗദി റിയാലിന്റെ വ്യക്തിഗത വായ്പ അടച്ചുതീർക്കാത്തതിനെ തുടർന്നാണ് യാത്രാവിലക്ക് നേരിട്ടത്. കുടുംബത്തിന്റെ ഏക അശ്രയമായിരുന്ന സുനിതയ്ക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക സഹായം നിലയ്ക്കുകയും ചെയ്തതോടെ, മാതാപിതാക്കളുടെ രോഗചികിത്സയും സഹോദരിമാരുടെ പഠനച്ചെലവുകളും ഉൾപ്പെടെ നിർധന കുടുംബം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
സുനിതയുടെ യാത്രാവിലക്ക് നീക്കി വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ തെലങ്കാന സര്ക്കാരിന്റെ ‘സി.എം പ്രവാസി പ്രജാവാണി’ വഴി മാതാവ് ഗുഗുലോതു പരേങ്ങി അപേക്ഷ നൽകി. വിദേശകാര്യ മന്ത്രാലയവും സൗദിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ICWF) നിന്ന് ചികിത്സാ സഹായം ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പരിഗണിച്ച തെലങ്കാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. ജി. ചിന്ന റെഡ്ഡി, സുനിതയെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഏകോപന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



