തിരുവനന്തപുരം: കാപ്പാ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ബി.ജെ.പി കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂലമായി കുറിപ്പെഴുതിയ തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ആർ. ചിത്രയ്ക്ക് സസ്പെൻഷൻ. തദ്ദേശ വകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയും സുഗതന്റെ അപേക്ഷ പൂർണ്ണമായും നിരസിക്കണമെന്ന് ഉത്തരവിട്ടിട്ടും, ഇത് മറികടന്ന് അനുകൂല നിർദ്ദേശം നൽകിയതിനാണ് പൊതുഭരണവകുപ്പ് സസ്പെൻഷൻ ഉത്തരവിറക്കിയത്. വിഷയത്തിൽ അണ്ടർ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജയിലിൽ കഴിയുന്ന സുഗതന്റെ അവധി അപേക്ഷ നഗരസഭാ കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്ക് വെക്കാനും, കൗൺസിൽ അംഗീകരിക്കുകയാണെങ്കിൽ കൗൺസിലർ സ്ഥാനത്തുനിന്നുള്ള അയോഗ്യത ഒഴിവാക്കാൻ സഹായകരമാകുമെന്നും ചൂണ്ടിക്കാട്ടി അണ്ടർ സെക്രട്ടറി ആഭ്യന്തരവകുപ്പിന് ഉപദേശം നൽകുകയായിരുന്നു. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് ജയിൽവകുപ്പിന് നൽകിയ കത്ത് ചൂണ്ടിക്കാട്ടിയാണ് സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ വി.വി. രാജേഷ് നടപടികൾ സ്വീകരിച്ചത്. അപേക്ഷയിൽ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി കെ.എം. ഷാജി വ്യക്തമായി കുറിച്ച ഫയൽ അണ്ടർ സെക്രട്ടറിയുടെ കൈവശമെത്തിയപ്പോൾ, അവർ സ്വന്ത നിലയിൽ തിരിമറികളും കൂട്ടിച്ചേർക്കലുകളും നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.



