ജീവന്റെ തുള്ളി നൽകി മാതൃക: ദേശീയ രക്തദാന ക്യാമ്പയിന് തുടക്കമിട്ട് കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ.

റിയാദ്: രക്ത ദാനത്തിലൂടെ രാജ്യത്തിന് വൻ പ്രചോദനമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ. 2026-ലെ വാർഷിക ദേശീയ രക്തദാന ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം രക്തദാനം നിർവ്വഹിച്ചത്.

മാനുഷിക നന്മയ്ക്കും സാമൂഹിക ആരോഗ്യസംരക്ഷണത്തിനും രാജ്യം നൽകുന്ന സമാനതകളില്ലാത്ത പിന്തുണയുടെയും കരുതലിന്റെയും ഉജ്ജ്വലമായ സാക്ഷ്യപത്രമായി ഉദാരമായ പ്രവൃത്തി മാറി.
ഒരു ജീവൻ രക്ഷിക്കാൻ കൈകോർക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ശക്തമായ സന്ദേശമാണ് കിരീടാവകാശിയുടെ മാതൃകാപരമായ മുന്നേറ്റം സമൂഹത്തിന് നൽകുന്നത്.

സൗദി അറേബ്യയുടെ സാംസ്കാരിക അടിത്തറയായ പരസ്പര സഹായത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളെ ഇത് വീണ്ടും ഓർമ്മിപ്പിക്കുന്നു. സന്നദ്ധ രക്തദാനം ഒരു ശീലമാക്കി മാറ്റാനും, അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളോട് പോരാടുന്നവർക്കും തണലാകാനും ഓരോ പൗരനെയും പ്രചോദിപ്പിക്കുന്നതാണ് ഈ പ്രവ്യത്തി.

സൗദിയിലെ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെയും രക്തഘടകങ്ങളുടെയും പൂർണ്ണമായ സ്വയംപര്യാപ്തത ഉറപ്പുവരുത്തുകയാണ് ദേശീയ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾക്ക് സൗദി ഭരണകൂടം നൽകുന്ന വലിയ പിന്തുണയുടെ ഫലമായി രാജ്യത്തുടനീളമുള്ള രോഗികൾക്ക് സുരക്ഷിതമായി രക്തം ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്.

സന്നദ്ധ രക്തദാനരംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമാണ് സൗദി അറേബ്യ അടുത്തകാലത്തായി കൈവരിച്ചുകൊണ്ടിരിക്കുന്നത്. ‘സൗദി വിഷൻ 2030’-ന്റെയും ‘ഹെൽത്ത് സെക്ടർ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമി അധിഷ്ഠിതമായി ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ ഫലമാണ് ലഭിക്കുന്നത്.

2025-ൽ മാത്രം ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് സന്നദ്ധ രക്തദാനം നടത്തിയത്.
2025-ൽ കിരീടാവകാശി തുടക്കമിട്ട ക്യാമ്പയിൻ ചരിത്രപരമായ വിജയമായിരുന്നു. അത് രക്തദാതാക്കളുടെ എണ്ണം നാലിരട്ടിയായി വർദ്ധിപ്പിക്കുകയും, ബ്ലഡ് ബാങ്കുകളുടെ ചരിത്രത്തിലാദ്യമായി സന്നദ്ധ രക്തദാന നിരക്ക് 100 ശതമാനത്തിൽ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം രക്തദാനം ചെയ്തതിൽ 85 ശതമാനവും ആദ്യമായി രക്തം നൽകുന്നവർ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ ലഭിച്ച രക്തവും പ്ലേറ്റ്‌ലെറ്റുകളും പ്ലാസ്മയും ഉപയോഗിച്ച് പതിനായിരക്കണക്കിന് രോഗികളുടെ ജീവനാണ് രക്ഷിക്കാൻ സാധിച്ചത്. അന്നത്തെ മഹാവിജയത്തിന്റെ തുടർച്ചയായാണ് ഈ വർഷത്തെ ക്യാമ്പയിനും വലിയ പ്രതീക്ഷകളോടെ ആരംഭിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles